Followers

Friday, 8 June 2018

കഥ


വേതാളം പറഞ്ഞ കഥ വിക്രമാദിത്യൻ ശ്മശാനത്തിലേക്ക് പ്രവേശിച്ചു.ഭീതിദായകമായ അന്തരീക്ഷം. ചിതകളിൽ നിന്നും ഉയർന്നു പൊങ്ങുന്ന പുകച്ചുരുളുകൾ.മൂങ്ങയുടെ മൂളൽ കേൾക്കുന്നുണ്ട്.നിർഭയനായി അദ്ദേഹം മുരുക്കുമരം ലക്ഷ്യമാക്കി നടന്നു.അതാ,ആ യോഗി പറഞ്ഞതുപോലെ ഒരു വേതാളം മുരുക്കു മരത്തിൽ തൂങ്ങിക്കിടക്കുന്നു.അല്പ്പം ബല പ്രയോഗത്തിലൂടെ വേതാളത്തിനെ കീഴ്പ്പെടുത്തി , അതിനെ തോളിലേറ്റി വിക്രമാദിത്യൻ മടക്കയാത്ര തുടങ്ങി. അപ്പോൾ വേതാളം ഒരു കഥ പറയാൻ തുടങ്ങി. രാജൻ, ഈ യാത്രയുടെ വിരസതയകറ്റാൻ ഞാനൊരു കഥ പറയാം. അങ്ങ് ദൂരെ കേരളമെന്ന ദേശത്ത് , തിരുവനന്തപുരം എന്ന സ്ഥലത്ത് കരുണാകര മേനോൻ എന്നൊരാൾ പാർത്തിരുന്നു.വളരെ ചെറുപ്പത്തിൽ തന്നെ സർക്കാരുദ്യോഗം കരസ്ഥമാക്കിയ അദ്ദേഹത്തിനും , വീട്ടമ്മയായ സഹധർമ്മിണി ശാരദക്കും വളരെക്കാലത്തെ പ്രാർത്ഥനകൾക്കും ചികിത്സകൾക്കും ശേഷം ഒരു കുഞ്ഞു പിറന്നു. അവർ അവന് സന്തോഷ്‌ എന്നു പേരിട്ടു.പഠിക്കാൻ സന്തോഷ്‌ മിടുക്കനോന്നുമായിരുന്നില്ല, എങ്കിലും ട്യൂഷനുകളുടെയും ഗെയ്ടുകളുടെയും സഹായത്തോടെ അവനൊരു വിധത്തിൽ +2 കടന്നുകൂടി . എഞ്ചിനീയറിംഗ് എന്ട്രന്സിന്റെ റിസൾട്ടിൽ സന്തോഷ്‌ കുമാർ കെ എന്ന പേര് കണ്ടുപിടിക്കാൻ കരുണാകര മേനോന് അധികം പ്രയാസപ്പെടേണ്ടി വന്നില്ല.അവസാന പേരിൽ നിന്നും അല്പ്പം മുകളിലായി ആ പേര് തിളക്കം പൂണ്ടുനിന്നു .28315 ആം റാങ്കിന് നേരെ. കരുണാകര മേനോൻ അമാന്തിച്ചില്ല.സ്വരുക്കൂട്ടിയ ധനവും ആഭരണങ്ങൾ വിറ്റ തുകയും കൊണ്ട് അദ്ദേഹം മകന് സ്വാശ്രയ കോളേജിൽ സീറ്റ് തരപ്പെടുത്തി. വർഷങ്ങൾ കടന്നു പോയി. തിരുവനന്തപുരം നഗരത്തിൽ പലതവണ കുടിവെള്ള പൈപ്പ് പൊട്ടുകയും, മഴ സമയത്ത് തമ്പാനൂർ എന്ന സ്ഥലത്ത് വെള്ളം നിറയുകയും ചെയ്തു. സന്തോഷ്‌ കുമാർ ഒരു വിധത്തിൽ എഞ്ചിനീയറിംഗ് പരീക്ഷ പാസ്സായി.ക്യാമ്പസ്‌ സെലെക്ഷനിലൂടെ അവന് ബംഗളൂര് എന്ന നഗരിയിൽ ഉദ്യോഗവും ലഭിച്ചു. കരുണാകര മേനോനും ശാരദയും ആനന്ദ സാഗരത്തിൽ ആറാടി.ഒട്ടും അമാന്തിക്കാതെ ഉത്തമമായ ഒരു കുടുംബത്തിൽ നിന്നും അവർ മകന് വധുവിനെയും കണ്ടെത്തി. സമയം പിന്നെയുമൊഴുകി. സന്തോഷ്‌ കുമാർ കെ. ജോലിയിൽ മുഴുകി.പ്രോജക്ടുകൾ ,വിദേശ യാത്രകൾ,രാത്രി ഷിഫ്റ്റുകൾ ....... രാവിലെ എട്ടു മണിക്ക് തുടങ്ങുന്ന ജോലി.അത് നീണ്ടു നീണ്ടു പോയി രാത്രി പത്തിനോ പതിനൊന്നിനൊ അവസാനിക്കുന്നു.അതൊരു പൂർണ്ണ വിരാമമല്ല.അർദ്ധ വിരാമം മാത്രം.അടുത്ത ദിവസം രാവിലെ എട്ടു മണിക്ക് പിന്നെയും തുടങ്ങുന്നത് വരെയുള്ള അർദ്ധ വിരാമം. കുഴപ്പങ്ങളുടെ ലക്ഷണങ്ങൾ മെല്ലെയാണ് കണ്ടു തുടങ്ങിയത്. ഒരു നെഞ്ചു വേദന.വിട്ടു പോകാത്ത ക്ഷീണം.നെറ്റിയിലെ പിടഞ്ഞു കിടക്കുന്ന ഞരമ്പുകൾ. ഭിഷഗ്വരന്മാർ കാരണം കണ്ടെത്തി.അമിത ജോലി ഭാരം. വർക്ക്‌ സ്‌ട്രെസ്.കുറേശ്ശെ ശരീരം കുഴപ്പത്തിലേക്ക് നീങ്ങുന്നു. സന്തോഷ്‌ കുമാർ കെ.തന്റെ ബോസിനെ സമീപിച്ച് കാര്യങ്ങൾ ധരിപ്പിച്ചു.തനിക്കു ഇത്രയും ജോലിഭാരം താങ്ങാനാകുന്നില്ല എന്ന സത്യം തുറന്നു പറഞ്ഞു. ബോസ് കൈ മലർത്തി.ജോലി തുടര്ന്നു ചെയ്യാൻ പറ്റുന്നില്ലെങ്കിൽ രാജി വയ്ക്കാൻ ആവശ്യപ്പെട്ടു. സന്തോഷിന്റെ ഭാര്യ അയാളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.കുറച്ചു ദിവസത്തെ ലീവെടുത്ത് ജോലിയിൽ നിന്നും മാറി നില്ക്കാൻ ഉപദേശിച്ചു. മേനോനും ശാരദയും മകനെ ആശ്വസിപ്പിച്ചു.ജോലി ഉപേക്ഷിച്ച് നാട്ടിൽ വരുവാൻ ആവശ്യപ്പെട്ടു.പാപ്പനംകോട് എന്ന സ്ഥലത്തെ അറുപതു സെന്റ്‌ തെങ്ങിൻ തോപ്പ് മകന്റെ പേരിൽ എഴുതി വച്ചു. പക്ഷെ സന്തോഷ്‌ കുമാറിന്റെ മനസ്സിനെ ആശ്വസിപ്പിക്കാൻ ഇതിനോന്നുമായില്ല.അയാൾ ബെഡ് റൂമിലെ ഫാനിൽ തൂങ്ങി മരിച്ചു. കഥ പറഞ്ഞു നിറുത്തി വേതാളം ചോദിച്ചു.രാജൻ,ഇതിൽ ആരാണ് തെറ്റുകാരൻ? സന്തോഷ്‌ കുമാറോ? അയാളുടെ ഭാര്യയോ? ബോസോ? അതോ മാതാ പിതാക്കളോ? ഒന്ന് പുഞ്ചിരിച്ച് വിക്രമാദിത്യൻ പറഞ്ഞു. കീഴുദ്യോഗസ്തനെക്കൊണ്ട് പണിയെടുപ്പിക്കുന്നത് മേലുദ്യോഗസ്ഥന്റെ ഉത്തരവാദിത്യമാണ് .അത് മാത്രമേ ബോസ് ചെയ്തുള്ളൂ അതിനാൽ അയാൾ തെറ്റുകാരനല്ല. ഒരു ഭാര്യ എന്ന നിലയിൽ ഭർത്താവിന് നൽകേണ്ട സാന്ത്വനവും ആശ്വാസവും സന്തോഷ്‌ കുമാറിന്റെ ഭാര്യ അയാൾക്ക്‌ നല്കിയിട്ടുണ്ട്.അതിനാൽ അവരും തെറ്റുകാരിയല്ല. തന്റെ മാനസിക സമ്മർദം അധികരിച്ചപ്പോൾ നിരാശ്രയനായ ഏതൊരു വ്യക്തിയും ചെയ്യുന്നതേ സന്തോഷ്‌ കുമാറും ചെയ്തുള്ളൂ.അതിനാൽ അയാളിലും തെറ്റ് കണ്ടെത്താനാകില്ല . സ്വന്തം മകന്റെ കഴിവിന്റെ അപ്പുറത്താണ് എന്നറിഞ്ഞുകൊണ്ട്‌ കൃത്രിമമായി അവന് അവസരങ്ങൾ സൃഷ്ടിക്കുകയും , അവനു ചേരാത്ത ഒരു പഠന രീതിയിലേക്ക് ധനത്തിന്റെ ബലത്തിൽ അവനെ കടത്തി വിടുകയും , തന്മൂലം മാനസികവും ബൌദ്ധികവുമായ ശക്തി ഉള്ളവർക്ക് മാത്രം ചേരുന്ന ഒരു സാഹചര്യത്തിലേക്ക് , ഇതൊന്നുമില്ലാത്ത സന്തോഷിനെ കടന്നു ചെല്ലാൻ പ്രേരിപ്പിക്കുകയും ചെയ്ത കരുണാകര മേനോനും ശാരദയും ആണ് യഥാര്ഥ തെറ്റുകാർ. വിക്രമാദിത്യന്റെ നീതി പൂർവമായ ഉത്തരം കേട്ട് വേതാളം പിന്നെയും മുരുക്കു മരത്തിൽ ചെന്ന് തൂങ്ങിക്കിടന്നു.

കഥ


അങ്ങനെ വീണ്ടും വിക്രമാദിത്യൻ വേതാളത്തെ എടുത്ത് നടപ്പ് തുടങ്ങി.തോളിലിരിക്കുന്ന വേതാളം വിക്രമനോട് ഇപ്രകാരം മൊഴിഞ്ഞു. "ഹേ രാജൻ, നടപ്പു മുഷിയാതിരിക്കാൻ ഞാൻ പുതിയൊരു കഥ പറയാം.കഥാന്ത്യത്തിൽ ഞാൻ ചോദിക്കുന്നതിണ് ശരിയുത്തരം പറഞ്ഞാൽ പറഞ്ഞാൽ ഒന്നൂല്ല.പക്ഷെ തെറ്റാണെങ്കിൽ ഭവാന്റെ തല ഛിന്നഭിന്നമാകും".ഇത് കേട്ട വിക്രമാദിത്യൻ പാതിയുറക്കത്തിൽ മറുപടി നൽകി. "ഊം.."അങ്ങനെ വേതാളം തന്റെ കഥ ആരംഭിച്ചു. കരാളപുരി എന്ന രാജ്യത്ത് ഉമാചന്ദ്രനെന്ന രാജാവുണ്ടായിരുന്നു.രാജന്റെ സദ്ഭരണം നിമിത്തം രാജ്യത്ത് പാലും എണ്ണയും നദി പോലെ ഒഴുകിയിരുന്നു എന്നാണ് കേൾവി.ഭരണത്തിൽ രാജാവിനെ സഹായിക്കാൻ ധാരാളം മന്ത്രിമാരും ഉണ്ടായിരുന്നു.ഇവരിൽ പ്രധാനിയായിരുന്നു വിഘ്നപുത്രൻ എന്ന മന്ത്രി.ബാറ്റ്മാനെ റൊബിനെന്നപോലെ ഉമാചന്ദ്രനെ വിഘനപുത്രനും രാജകാര്യങ്ങളിൽ സഹായിച്ചു പോന്നു.ഇപ്രകാരം ദേവഗണങ്ങൾ പോലും അസൂയയോടെ മാത്രം നോക്കിയിരുന്ന കരാളപുരിയിൽ സാക്ഷാൽ കലിയുടെ മായാവിലാസങ്ങൾ കാരണം അസന്തുഷ്ടി എത്തി നോക്കാൻ തുടങ്ങി.കൊട്ടാരത്തിനു മുന്നിലൂടെ കളകളശബ്ദത്തിലൊഴുകുന്ന പഞ്ചയാറിൽ നോക്കി സ്വപ്നം കണ്ടു കൊണ്ടിരിക്കുകയായിരുന്ന ഉമാചന്ദ്രന്റെ മുന്നിൽ സതിയെ നഷ്ടപ്പെട്ട പരമേശ്വരൻ കണക്കെ, അവാർഡ് കിട്ടാതെ പോയ സവിധായകൻ കണക്കെ വിറളി പൂണ്ട മുഖഭാവവുമായി ഒരു മഹാകായൻ പ്രത്യക്ഷപ്പെട്ടു.ദേവകണങ്ങൾക്ക് എന്തിനു സർവ്വ ചരാചരങ്ങളുടേയും അമ്മയായ സാക്ഷാൽ പരാശക്തി പോലും ഭയക്കുന്ന,പ്രജാനഗരിയുടെ പ്രഭുവായ പ്രസേനജാതനായിരുന്നു ആ മഹാകായൻ.ഇദ്ദേഹത്തെ ഉള്ളാലെ ഭയന്നെങ്കിലും അത് പുറത്ത് കാട്ടാതെ രാജാവ് ആഗമനോദ്ദേശ്യം ആരാഞ്ഞു.പ്രസേനജാതൻ തന്റെ കഠോര ശബ്ദത്തിൽ തന്റെ പരാതി ബോധിപ്പിച്ചു.പ്രജാനഗരിയിലെ ഒരു പാവം പ്രജ നായാട്ടിനു പോയ തക്കം നോക്കി മന്ത്രിയായ വിഘ്നപുത്രൻ പ്രജയുടെ കാലിത്തൊഴുത്തിൽ പുല്ല് അയവെറക്കി കൊണ്ടിരുന്ന ജഴ്സിപ്പശുവിനെ മോഷ്ടിച്ചു എന്നായിരുന്ന പ്രഭുവിന്റെ പരാതി.ഇത് കേട്ട രാജാവ് ചിന്താനിമഗ്നനായി അല്പനേരം നിന്നു.തുടർന്ന് ഇപ്രകാരം കല്പിച്ചു. ഇങ്ങനെ കഥ തുടർന്നു കൊണ്ടിരുന്ന വേതാളം വിക്രമന്റെ കൂർക്കംവലി കേട്ട് സഹികെട്ട് വിക്രമന്റെ തലയ്ക്കിട്ട് ഒരു തൊഴി കൊടുത്തു.ഞെട്ടിത്തരിച്ച് കണ്ണു തിരുമ്മി നിന്ന വിക്രമാദിത്യനോട് വേതാളം തന്റെ ചോദ്യം ചോദിച്ചു.ഇക്കഥയിൽ രാജാവായ ഉമാചന്ദ്രൻ ആരെയാണ് ശിക്ഷിച്ചത്.മോഷണം നടത്തിയെന്നു അന്വേഷിച്ചു കണ്ടുപിടിച്ച് മന്ത്രിയെ ശിക്ഷിച്ചോ അതോ കുറ്റം പ്രസേനജാതൻ കെട്ടിച്ചമതാണെന്നു കണ്ടെത്തി പ്രസേനജാതനിൽനിന്ന് പ്രജാനഗരിയുടെ പ്രഭുപദവി എടുത്തു കളഞ്ഞോ?ഉത്തരം തെറ്റാണെങ്കിൽ തല.. എന്ന ഭീഷണി ഒന്നു കൂടെ മുഴക്കി വേതാളം ഒരു ചെറുപുഞ്ചിരി പൊഴിച്ചു.പത്താം ക്ലാസ്സ് പരീക്ഷയ്ക്ക് പോലും പുകക്കാത്ത തല ആളിക്കത്തിച്ച് വിക്രമൻ കാട്ടിലൂടെ നാലു വട്ടം ഉലാത്തി.അഞ്ചാം വട്ടം ഉലാത്തുമ്പോൾ വിക്രമാദിത്യന്റെ മൊബൈൽ റിംഗ് അടിച്ചു.ഉടനെ വേതാളത്തെ നോക്കി ഗാന്ധിജയന്തിക്ക് ബ്ലാക്കിന് റം കിട്ടിയ ബിജുവുനെ പോലെ വിജയീഭാവത്തിൽ വിക്രമാദിത്യൻ ഇപ്രകാരം മറുപടി നൽകി. "ശിക്ഷ കിട്ടിയത് മന്ത്രിക്കോ പ്രസേനജാതനോ അല്ല.ഇക്കഥ ഫെയ്സ്ബുക്കിൽ സ്റ്റാറ്റസ് ഇട്ട ശശികുമാർ എന്ന മണ്ടശിരോമണിയ്ക്കാണ് രാജാവിന്റെ ശിക്ഷ കിട്ടിയത്".വിക്രമന്റെ തല പോകാത്ത നിരാശയും വിക്രമനെ ഫെയ്സ് ചെയാനുള്ള ബുദ്ധിമുട്ടും കാരണം വേതാളം വീണ്ടും ആലിൽ മുകളിലേക്ക് തിരിച്ചു പോയി.

കഥ


വിക്രമാദിത്യ കഥകൾ നീതിനിഷ്ഠമായ വിക്രമാദിത്യ സിംഹാസനം അതിലെ 32 ദേവസുന്ദരികൾ അവരുടെ വാക്കുകളിലൂടെ ഉരുത്തിരിയുന്ന വീരകഥകൾ വിക്രമാദിത്യ ചക്രവർത്തിയുടെ സാഹസിക ചരിത്രം നൂറ്റാണ്ടുകളായി സമസ്ത ഭാരതീയരെയും പുളകം കൊള്ളിച്ചു അതിലെ ഒരു വിവർത്തനത്തിലെ ഞാൻ ഈ ബ്ലോഗ് എഴുതുന്ന ഈ കഥയെ എല്ലാവരും നല്ലവണ്ണം വായിക്കണം എന്ന് വിനീതമായി അപേക്ഷിക്കുകയാണ് നിങ്ങൾ തരുന്ന ഓരോ ലൈക്കും ഷെയറും എനിക്ക് കിട്ടുന്ന പ്രചോദനമായി ഞാൻ കാണും എന്ന് സ്വന്തം ദീപക് ആർ നായർ