വേതാളം പറഞ്ഞ കഥ
വിക്രമാദിത്യൻ ശ്മശാനത്തിലേക്ക് പ്രവേശിച്ചു.ഭീതിദായകമായ അന്തരീക്ഷം. ചിതകളിൽ നിന്നും ഉയർന്നു പൊങ്ങുന്ന പുകച്ചുരുളുകൾ.മൂങ്ങയുടെ മൂളൽ കേൾക്കുന്നുണ്ട്.നിർഭയനായി അദ്ദേഹം മുരുക്കുമരം ലക്ഷ്യമാക്കി നടന്നു.അതാ,ആ യോഗി പറഞ്ഞതുപോലെ ഒരു വേതാളം മുരുക്കു മരത്തിൽ തൂങ്ങിക്കിടക്കുന്നു.അല്പ്പം ബല പ്രയോഗത്തിലൂടെ വേതാളത്തിനെ കീഴ്പ്പെടുത്തി , അതിനെ തോളിലേറ്റി വിക്രമാദിത്യൻ മടക്കയാത്ര തുടങ്ങി.
അപ്പോൾ വേതാളം ഒരു കഥ പറയാൻ തുടങ്ങി.
രാജൻ, ഈ യാത്രയുടെ വിരസതയകറ്റാൻ ഞാനൊരു കഥ പറയാം.
അങ്ങ് ദൂരെ കേരളമെന്ന ദേശത്ത് , തിരുവനന്തപുരം എന്ന സ്ഥലത്ത് കരുണാകര മേനോൻ എന്നൊരാൾ പാർത്തിരുന്നു.വളരെ ചെറുപ്പത്തിൽ തന്നെ സർക്കാരുദ്യോഗം കരസ്ഥമാക്കിയ അദ്ദേഹത്തിനും , വീട്ടമ്മയായ സഹധർമ്മിണി ശാരദക്കും വളരെക്കാലത്തെ പ്രാർത്ഥനകൾക്കും ചികിത്സകൾക്കും ശേഷം ഒരു കുഞ്ഞു പിറന്നു. അവർ അവന് സന്തോഷ് എന്നു പേരിട്ടു.പഠിക്കാൻ സന്തോഷ് മിടുക്കനോന്നുമായിരുന്നില്ല, എങ്കിലും ട്യൂഷനുകളുടെയും ഗെയ്ടുകളുടെയും സഹായത്തോടെ അവനൊരു വിധത്തിൽ +2 കടന്നുകൂടി .
എഞ്ചിനീയറിംഗ് എന്ട്രന്സിന്റെ റിസൾട്ടിൽ സന്തോഷ് കുമാർ കെ എന്ന പേര് കണ്ടുപിടിക്കാൻ കരുണാകര മേനോന് അധികം പ്രയാസപ്പെടേണ്ടി വന്നില്ല.അവസാന പേരിൽ നിന്നും അല്പ്പം മുകളിലായി ആ പേര് തിളക്കം പൂണ്ടുനിന്നു .28315 ആം റാങ്കിന് നേരെ.
കരുണാകര മേനോൻ അമാന്തിച്ചില്ല.സ്വരുക്കൂട്ടിയ ധനവും ആഭരണങ്ങൾ വിറ്റ തുകയും കൊണ്ട് അദ്ദേഹം മകന് സ്വാശ്രയ കോളേജിൽ സീറ്റ് തരപ്പെടുത്തി.
വർഷങ്ങൾ കടന്നു പോയി.
തിരുവനന്തപുരം നഗരത്തിൽ പലതവണ കുടിവെള്ള പൈപ്പ് പൊട്ടുകയും, മഴ സമയത്ത് തമ്പാനൂർ എന്ന സ്ഥലത്ത് വെള്ളം നിറയുകയും ചെയ്തു.
സന്തോഷ് കുമാർ ഒരു വിധത്തിൽ എഞ്ചിനീയറിംഗ് പരീക്ഷ പാസ്സായി.ക്യാമ്പസ് സെലെക്ഷനിലൂടെ അവന് ബംഗളൂര് എന്ന നഗരിയിൽ ഉദ്യോഗവും ലഭിച്ചു.
കരുണാകര മേനോനും ശാരദയും ആനന്ദ സാഗരത്തിൽ ആറാടി.ഒട്ടും അമാന്തിക്കാതെ ഉത്തമമായ ഒരു കുടുംബത്തിൽ നിന്നും അവർ മകന് വധുവിനെയും കണ്ടെത്തി.
സമയം പിന്നെയുമൊഴുകി.
സന്തോഷ് കുമാർ കെ. ജോലിയിൽ മുഴുകി.പ്രോജക്ടുകൾ ,വിദേശ യാത്രകൾ,രാത്രി ഷിഫ്റ്റുകൾ .......
രാവിലെ എട്ടു മണിക്ക് തുടങ്ങുന്ന ജോലി.അത് നീണ്ടു നീണ്ടു പോയി രാത്രി പത്തിനോ പതിനൊന്നിനൊ അവസാനിക്കുന്നു.അതൊരു പൂർണ്ണ വിരാമമല്ല.അർദ്ധ വിരാമം മാത്രം.അടുത്ത ദിവസം രാവിലെ എട്ടു മണിക്ക് പിന്നെയും തുടങ്ങുന്നത് വരെയുള്ള അർദ്ധ വിരാമം.
കുഴപ്പങ്ങളുടെ ലക്ഷണങ്ങൾ മെല്ലെയാണ് കണ്ടു തുടങ്ങിയത്.
ഒരു നെഞ്ചു വേദന.വിട്ടു പോകാത്ത ക്ഷീണം.നെറ്റിയിലെ പിടഞ്ഞു കിടക്കുന്ന ഞരമ്പുകൾ.
ഭിഷഗ്വരന്മാർ കാരണം കണ്ടെത്തി.അമിത ജോലി ഭാരം. വർക്ക് സ്‌ട്രെസ്.കുറേശ്ശെ ശരീരം കുഴപ്പത്തിലേക്ക് നീങ്ങുന്നു.
സന്തോഷ് കുമാർ കെ.തന്റെ ബോസിനെ സമീപിച്ച് കാര്യങ്ങൾ ധരിപ്പിച്ചു.തനിക്കു ഇത്രയും ജോലിഭാരം താങ്ങാനാകുന്നില്ല എന്ന സത്യം തുറന്നു പറഞ്ഞു.
ബോസ് കൈ മലർത്തി.ജോലി തുടര്ന്നു ചെയ്യാൻ പറ്റുന്നില്ലെങ്കിൽ രാജി വയ്ക്കാൻ ആവശ്യപ്പെട്ടു.
സന്തോഷിന്റെ ഭാര്യ അയാളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.കുറച്ചു ദിവസത്തെ ലീവെടുത്ത് ജോലിയിൽ നിന്നും മാറി നില്ക്കാൻ ഉപദേശിച്ചു.
മേനോനും ശാരദയും മകനെ ആശ്വസിപ്പിച്ചു.ജോലി ഉപേക്ഷിച്ച് നാട്ടിൽ വരുവാൻ ആവശ്യപ്പെട്ടു.പാപ്പനംകോട് എന്ന സ്ഥലത്തെ അറുപതു സെന്റ് തെങ്ങിൻ തോപ്പ് മകന്റെ പേരിൽ എഴുതി വച്ചു.
പക്ഷെ സന്തോഷ് കുമാറിന്റെ മനസ്സിനെ ആശ്വസിപ്പിക്കാൻ ഇതിനോന്നുമായില്ല.അയാൾ ബെഡ് റൂമിലെ ഫാനിൽ തൂങ്ങി മരിച്ചു.
കഥ പറഞ്ഞു നിറുത്തി വേതാളം ചോദിച്ചു.രാജൻ,ഇതിൽ ആരാണ് തെറ്റുകാരൻ?
സന്തോഷ് കുമാറോ?
അയാളുടെ ഭാര്യയോ?
ബോസോ?
അതോ മാതാ പിതാക്കളോ?
ഒന്ന് പുഞ്ചിരിച്ച് വിക്രമാദിത്യൻ പറഞ്ഞു.
കീഴുദ്യോഗസ്തനെക്കൊണ്ട് പണിയെടുപ്പിക്കുന്നത് മേലുദ്യോഗസ്ഥന്റെ ഉത്തരവാദിത്യമാണ് .അത് മാത്രമേ ബോസ് ചെയ്തുള്ളൂ അതിനാൽ അയാൾ തെറ്റുകാരനല്ല.
ഒരു ഭാര്യ എന്ന നിലയിൽ ഭർത്താവിന് നൽകേണ്ട സാന്ത്വനവും ആശ്വാസവും സന്തോഷ് കുമാറിന്റെ ഭാര്യ അയാൾക്ക് നല്കിയിട്ടുണ്ട്.അതിനാൽ അവരും തെറ്റുകാരിയല്ല.
തന്റെ മാനസിക സമ്മർദം അധികരിച്ചപ്പോൾ നിരാശ്രയനായ ഏതൊരു വ്യക്തിയും ചെയ്യുന്നതേ സന്തോഷ് കുമാറും ചെയ്തുള്ളൂ.അതിനാൽ അയാളിലും തെറ്റ്
കണ്ടെത്താനാകില്ല .
സ്വന്തം മകന്റെ കഴിവിന്റെ അപ്പുറത്താണ് എന്നറിഞ്ഞുകൊണ്ട് കൃത്രിമമായി അവന് അവസരങ്ങൾ സൃഷ്ടിക്കുകയും , അവനു ചേരാത്ത ഒരു പഠന രീതിയിലേക്ക് ധനത്തിന്റെ ബലത്തിൽ അവനെ കടത്തി വിടുകയും , തന്മൂലം മാനസികവും ബൌദ്ധികവുമായ ശക്തി ഉള്ളവർക്ക് മാത്രം ചേരുന്ന ഒരു സാഹചര്യത്തിലേക്ക് , ഇതൊന്നുമില്ലാത്ത സന്തോഷിനെ കടന്നു ചെല്ലാൻ പ്രേരിപ്പിക്കുകയും ചെയ്ത കരുണാകര മേനോനും ശാരദയും ആണ് യഥാര്ഥ തെറ്റുകാർ.
വിക്രമാദിത്യന്റെ നീതി പൂർവമായ ഉത്തരം കേട്ട് വേതാളം പിന്നെയും മുരുക്കു മരത്തിൽ ചെന്ന് തൂങ്ങിക്കിടന്നു.
No comments:
Post a Comment