Followers

Friday, 8 June 2018

കഥ


അങ്ങനെ വീണ്ടും വിക്രമാദിത്യൻ വേതാളത്തെ എടുത്ത് നടപ്പ് തുടങ്ങി.തോളിലിരിക്കുന്ന വേതാളം വിക്രമനോട് ഇപ്രകാരം മൊഴിഞ്ഞു. "ഹേ രാജൻ, നടപ്പു മുഷിയാതിരിക്കാൻ ഞാൻ പുതിയൊരു കഥ പറയാം.കഥാന്ത്യത്തിൽ ഞാൻ ചോദിക്കുന്നതിണ് ശരിയുത്തരം പറഞ്ഞാൽ പറഞ്ഞാൽ ഒന്നൂല്ല.പക്ഷെ തെറ്റാണെങ്കിൽ ഭവാന്റെ തല ഛിന്നഭിന്നമാകും".ഇത് കേട്ട വിക്രമാദിത്യൻ പാതിയുറക്കത്തിൽ മറുപടി നൽകി. "ഊം.."അങ്ങനെ വേതാളം തന്റെ കഥ ആരംഭിച്ചു. കരാളപുരി എന്ന രാജ്യത്ത് ഉമാചന്ദ്രനെന്ന രാജാവുണ്ടായിരുന്നു.രാജന്റെ സദ്ഭരണം നിമിത്തം രാജ്യത്ത് പാലും എണ്ണയും നദി പോലെ ഒഴുകിയിരുന്നു എന്നാണ് കേൾവി.ഭരണത്തിൽ രാജാവിനെ സഹായിക്കാൻ ധാരാളം മന്ത്രിമാരും ഉണ്ടായിരുന്നു.ഇവരിൽ പ്രധാനിയായിരുന്നു വിഘ്നപുത്രൻ എന്ന മന്ത്രി.ബാറ്റ്മാനെ റൊബിനെന്നപോലെ ഉമാചന്ദ്രനെ വിഘനപുത്രനും രാജകാര്യങ്ങളിൽ സഹായിച്ചു പോന്നു.ഇപ്രകാരം ദേവഗണങ്ങൾ പോലും അസൂയയോടെ മാത്രം നോക്കിയിരുന്ന കരാളപുരിയിൽ സാക്ഷാൽ കലിയുടെ മായാവിലാസങ്ങൾ കാരണം അസന്തുഷ്ടി എത്തി നോക്കാൻ തുടങ്ങി.കൊട്ടാരത്തിനു മുന്നിലൂടെ കളകളശബ്ദത്തിലൊഴുകുന്ന പഞ്ചയാറിൽ നോക്കി സ്വപ്നം കണ്ടു കൊണ്ടിരിക്കുകയായിരുന്ന ഉമാചന്ദ്രന്റെ മുന്നിൽ സതിയെ നഷ്ടപ്പെട്ട പരമേശ്വരൻ കണക്കെ, അവാർഡ് കിട്ടാതെ പോയ സവിധായകൻ കണക്കെ വിറളി പൂണ്ട മുഖഭാവവുമായി ഒരു മഹാകായൻ പ്രത്യക്ഷപ്പെട്ടു.ദേവകണങ്ങൾക്ക് എന്തിനു സർവ്വ ചരാചരങ്ങളുടേയും അമ്മയായ സാക്ഷാൽ പരാശക്തി പോലും ഭയക്കുന്ന,പ്രജാനഗരിയുടെ പ്രഭുവായ പ്രസേനജാതനായിരുന്നു ആ മഹാകായൻ.ഇദ്ദേഹത്തെ ഉള്ളാലെ ഭയന്നെങ്കിലും അത് പുറത്ത് കാട്ടാതെ രാജാവ് ആഗമനോദ്ദേശ്യം ആരാഞ്ഞു.പ്രസേനജാതൻ തന്റെ കഠോര ശബ്ദത്തിൽ തന്റെ പരാതി ബോധിപ്പിച്ചു.പ്രജാനഗരിയിലെ ഒരു പാവം പ്രജ നായാട്ടിനു പോയ തക്കം നോക്കി മന്ത്രിയായ വിഘ്നപുത്രൻ പ്രജയുടെ കാലിത്തൊഴുത്തിൽ പുല്ല് അയവെറക്കി കൊണ്ടിരുന്ന ജഴ്സിപ്പശുവിനെ മോഷ്ടിച്ചു എന്നായിരുന്ന പ്രഭുവിന്റെ പരാതി.ഇത് കേട്ട രാജാവ് ചിന്താനിമഗ്നനായി അല്പനേരം നിന്നു.തുടർന്ന് ഇപ്രകാരം കല്പിച്ചു. ഇങ്ങനെ കഥ തുടർന്നു കൊണ്ടിരുന്ന വേതാളം വിക്രമന്റെ കൂർക്കംവലി കേട്ട് സഹികെട്ട് വിക്രമന്റെ തലയ്ക്കിട്ട് ഒരു തൊഴി കൊടുത്തു.ഞെട്ടിത്തരിച്ച് കണ്ണു തിരുമ്മി നിന്ന വിക്രമാദിത്യനോട് വേതാളം തന്റെ ചോദ്യം ചോദിച്ചു.ഇക്കഥയിൽ രാജാവായ ഉമാചന്ദ്രൻ ആരെയാണ് ശിക്ഷിച്ചത്.മോഷണം നടത്തിയെന്നു അന്വേഷിച്ചു കണ്ടുപിടിച്ച് മന്ത്രിയെ ശിക്ഷിച്ചോ അതോ കുറ്റം പ്രസേനജാതൻ കെട്ടിച്ചമതാണെന്നു കണ്ടെത്തി പ്രസേനജാതനിൽനിന്ന് പ്രജാനഗരിയുടെ പ്രഭുപദവി എടുത്തു കളഞ്ഞോ?ഉത്തരം തെറ്റാണെങ്കിൽ തല.. എന്ന ഭീഷണി ഒന്നു കൂടെ മുഴക്കി വേതാളം ഒരു ചെറുപുഞ്ചിരി പൊഴിച്ചു.പത്താം ക്ലാസ്സ് പരീക്ഷയ്ക്ക് പോലും പുകക്കാത്ത തല ആളിക്കത്തിച്ച് വിക്രമൻ കാട്ടിലൂടെ നാലു വട്ടം ഉലാത്തി.അഞ്ചാം വട്ടം ഉലാത്തുമ്പോൾ വിക്രമാദിത്യന്റെ മൊബൈൽ റിംഗ് അടിച്ചു.ഉടനെ വേതാളത്തെ നോക്കി ഗാന്ധിജയന്തിക്ക് ബ്ലാക്കിന് റം കിട്ടിയ ബിജുവുനെ പോലെ വിജയീഭാവത്തിൽ വിക്രമാദിത്യൻ ഇപ്രകാരം മറുപടി നൽകി. "ശിക്ഷ കിട്ടിയത് മന്ത്രിക്കോ പ്രസേനജാതനോ അല്ല.ഇക്കഥ ഫെയ്സ്ബുക്കിൽ സ്റ്റാറ്റസ് ഇട്ട ശശികുമാർ എന്ന മണ്ടശിരോമണിയ്ക്കാണ് രാജാവിന്റെ ശിക്ഷ കിട്ടിയത്".വിക്രമന്റെ തല പോകാത്ത നിരാശയും വിക്രമനെ ഫെയ്സ് ചെയാനുള്ള ബുദ്ധിമുട്ടും കാരണം വേതാളം വീണ്ടും ആലിൽ മുകളിലേക്ക് തിരിച്ചു പോയി.

1 comment:

  1. ഇത്തരം മണ്ടത്തരങ്ങൾ post ചെയ്യാതിരിക്കുക ..

    ReplyDelete